---
title: "തലശേരിയിലുണ്ടായത് ചാല ദുരന്തത്തെ അനുസ്മരിപ്പിക്കും വിധമുള്ള തീപ്പിടുത്തം ; തീ ഇനിയും നിയന്ത്രണ വിധേയമായില്ല"
english_title: "A fire in Thalassery reminiscent of the Chala disaster occurred; the fire is still not under control"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/332207/A fire in Thalassery reminiscent of the Chala disaster occurred; the fire is still not under control"
published_at: "2025-12-20T20:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6946bbaf5742c_Untitled-1_copy.jpg"
keywords: []
---

# തലശേരിയിലുണ്ടായത് ചാല ദുരന്തത്തെ അനുസ്മരിപ്പിക്കും വിധമുള്ള തീപ്പിടുത്തം ; തീ ഇനിയും നിയന്ത്രണ വിധേയമായില്ല

> **Lead Summary:** തലശേരിക്കടുത്ത് കുട്ടിമാക്കൂൽ കണ്ടിക്കലില്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിനു സമീപം പ്രവര്‍ത്തിക്കുന്ന സിറ്റി പ്ലാസ്റ്റിക് റീസൈക്കിളിങ്ങ് യൂനിറ്റിനും അനുബന്ധ ഗോഡൗണിലുമാണ് തീപ്പിടുത്തമുണ്ടായത്. തൊട്ടടുത്ത ആര്‍.ആര്‍ സ്റ്റീല്‍ കമ്പനി, റാങ്ക് വര്‍ക്ക് ഷോപ്പ് എന്നിവിടങ്ങളിൽ ഭാഗികമായി തീപ്പിടുത്തമുണ്ടായി.

## Article Content

തലശേരിക്കടുത്ത് കുട്ടിമാക്കൂൽ കണ്ടിക്കലില്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിനു സമീപം പ്രവര്‍ത്തിക്കുന്ന സിറ്റി പ്ലാസ്റ്റിക് റീസൈക്കിളിങ്ങ് യൂനിറ്റിനും അനുബന്ധ ഗോഡൗണിലുമാണ് തീപ്പിടുത്തമുണ്ടായത്. തൊട്ടടുത്ത ആര്‍.ആര്‍ സ്റ്റീല്‍ കമ്പനി, റാങ്ക് വര്‍ക്ക് ഷോപ്പ് എന്നിവിടങ്ങളിൽ ഭാഗികമായി തീപ്പിടുത്തമുണ്ടായി.

ശനിയാഴ്ച വൈകിട്ട് 2.50 ഓടെയാണ് ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ പ്ലാസ്റ്റിക് റീ സൈ സൈക്കിളിങ് യൂനിറ്റില്‍ തീപടര്‍ന്നത്.

പുന്നോല്‍ കടാരന്‍കുന്ന് സ്വദേശികളായ താഴെകാനയില്‍ റഫീഖ്, റയീസ് എന്നിവരുടെ സ്ഥാപനമാണ് റീ സൈക്ളിങ് യൂനിറ്റ്. തീപടരാനുള്ള കാരണം വ്യക്തമല്ല. വെല്‍ഡിങ് അനുബന്ധ ജോലി നടക്കുന്നതിനിടെയാണോ തീ പടര്‍ന്നതെന്ന് സംശയിക്കുന്നു. തലശേരിയുടെ

ചരിത്രത്തില്‍ തന്നെ സമാനതകളില്ലാത്ത വന്‍ തീപിടിത്തത്തിനാണ് കണ്ടിക്കൽ സാക്ഷ്യംവഹിച്ചത്. തലശേരി, മാഹി,കണ്ണൂര്‍, കൂത്തുപറമ്പ്, പാനൂർ എന്നിവിടങ്ങളിൽ നിന്നും, വിമാനത്താവളത്തിന്റെ ഫയര്‍ ആന്‍ഡ് റസക്യൂവും സ്ഥലത്ത് എത്തി രാത്രി വൈകിയും തീ നിയന്ത്രണ വിധേയമാക്കാനുള്ള പ്രവൃത്തി തുടരുകയാണ്. കെടുത്തിയത്.

പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ കുന്നുകൂട്ടിയിട്ട കേന്ദ്രമായതിനാല്‍ സെക്കന്റുകള്‍ക്കുള്ളില്‍ തന്നെ തീ നിയന്ത്രണാതീതമായി പടര്‍ന്നു പിടിക്കുകയായിരുന്നു. ആകാശത്തേക്ക് ഉയര്‍ന്നുപൊങ്ങിയ കറുത്ത പുക കിലോമീറ്ററുകള്‍ അകലെ നിന്ന് പോലും ദൃശ്യമായിരുന്നു.

സംഭവമറിഞ്ഞ ഉടന്‍ തന്നെ തലശേരിയില്‍ നിന്നും അഗ്നിരക്ഷാ സേനാ വിഭാഗം സ്ഥലത്തെത്തിയെങ്കിലും തീയുടെ തീവ്രത കണക്കിലെടുത്ത് കൂടുതല്‍ യൂനിറ്റുകളെ വിളിച്ചുവരുത്തുകയായിരുന്നു. മാഹി, പാനൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള അഗ്നിരക്ഷാസേന സംഘത്തിന് പുറമെ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള അത്യാധുനിക സജ്ജീകരണങ്ങളോട് കൂടിയ അഗ്നിശമന സേനയും സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കിയത്.

സ്ത്രീ തൊഴിലാളികള്‍ അടക്കം നിരവധി പേർ ജോലി ചെയ്യുന്ന സ്ഥാപനമായിരുന്നു ഇത്.

പുക ഉയരുന്നത് കണ്ടയുടന്‍ തന്നെ തൊഴിലാളികളെ സുരക്ഷിതമായി പുറത്തെത്തിക്കാന്‍ സാധിച്ചതിനാല്‍ വലിയൊരു അപകടം ഒഴിവാകുകയായിരുന്നു. എങ്കിലും സ്ഥാപനത്തിനകത്തെ മുഴുവന്‍ യന്ത്രസാമഗ്രികളും അസംസ്‌കൃത വസ്തുക്കളും അഗ്നിക്കിരയായിട്ടുണ്ട്. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് സംഭവിച്ചിട്ടുള്ളത്. സമീപത്തെ മറ്റ് വ്യവസായ യൂണിറ്റുകളിലേക്ക് തീ പടരാതിരിക്കാന്‍ ഫയര്‍ ഫോഴ്സ് സംഘം ജാഗ്രത പുലര്‍ത്തിയതിനാല്‍ വലിയൊരു ദുരന്തം ഒഴിവാക്കാന്‍ സാധിച്ചു. പോലീസ് ഉദ്യോഗസ്ഥരും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായി പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/332207/A fire in Thalassery reminiscent of the Chala disaster occurred; the fire is still not under control)